തിരുവനന്തപുരം : കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ നായരുടെ മരണത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ. അന്വേഷണ റിപ്പോർട്ട് വൈകാതെ ലഭിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
നന്ദാവനം പാണക്കാട് ഹാളിൽ നടന്ന എൻജിഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ സുധാകരൻ വിമർശിച്ചു. ജനമൈത്രി പൊലീസ് എന്ന പേര് മാറ്റി ഗുണ്ടാ സൗഹൃദ പൊലീസ് സ്‌റ്റേഷൻ എന്നാക്കണമെന്ന് സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപചന്ദ്രന്‍റെ മരണമെന്ന് മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പരാതി പിന്നീട് പിന്‍വലിക്കുകയും ചെയ്‌തു. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് വാക്കുപാലിച്ചില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രൻ നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മക്കളായ പ്രജിത്തും പ്രീതിയും ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.
കോഴിക്കോട് സ്വദേശികളായ നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ മരിക്കുന്നതിന് മുൻപ് തീരുമാനിച്ചിരുന്നതായി മക്കൾ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നൽകുന്ന കാര്യം കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ്റെ പ്രതികരണം.
കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു.
കെവി തോമസ് ബിജെപിയുമായുള്ള പാലമാണെന്ന് സുധാകരൻ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇല്ലാത്ത ചെലവ് ഉണ്ടാക്കാൻ എന്തിനാണ് പദവി നൽകിയതെന്നും സുധാകരൻ ചോദിച്ചു. സംസ്ഥാനത്ത് ഭീകരമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. നാണവും മാനവും ഉളുപ്പും ഇല്ലാത്ത സർക്കാരാണുള്ളത്. ഇത്രയും ദുഷിച്ചു നാറിയ ഇടത് സർക്കാർ ഇതാദ്യമാണ്. സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാണ്. ശമ്പളവും പെൻഷനും ഏത് സമയവും മുടങ്ങുന്ന അവസ്ഥയാണ്. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.