തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട സംഭവത്തിൽ നിലപാടിലുറച്ചു നിൽക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഓഡിറ്റ് മാർഗരേഖ സിഎജി ലംഘിച്ചു. ഇക്കാര്യം നിയമസഭ എത്തിക്സ് കമ്മിറ്റിക്കു മുമ്പിൽ വിശദീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ കിഫ്ബിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സർക്കാരുമായി ചർച്ചചെയ്യാതെയാണ് എഴുതിയിരിക്കുന്നത്. സംസ്ഥാന വികസനത്തെ അട്ടിമറിക്കാനുള്ള ഇടപെടലാണ് ഉണ്ടായത്. ഈ രാഷ്ട്രീയ വെല്ലുവിളി കേരളത്തിലെ പൗരന്മാർ അറിയണം എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സംസ്ഥാനത്തും പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്‍റിയോടെ വായ്പയെടുക്കുന്നുണ്ട്. കേരളത്തിലെ കിഫ്ബി മാത്രം എങ്ങനെ ഭരണഘടനാവിരുദ്ധമാകും. അവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി പറയട്ടെ. സമിതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നരമണിക്കൂറോളം ആണ് സമിതിക്ക് മുന്നിൽ ധനമന്ത്രി മൊഴി നൽകിയത്. നിയമസഭയിൽ വയ്ക്കും മുമ്പ് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സഭയുടെ അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിഡി സതീശൻ എംഎൽഎ നൽകിയ പരാതിയിലാണ് ധനമന്ത്രിയോട് നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം ചോദിച്ചത്.