തിരുവനന്തപുരം: കാലവർഷമെത്തിയതും അറബിക്കടലിലെ ശക്തമായ ന്യൂനമർദവും കാരണം കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുക. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിനടുത്ത് രൂപം കൊണ്ട ന്യൂനമർദം ഗോവ തീരത്ത് ശക്തമായിട്ടുണ്ട്. ഇത് ഇന്ന് ശക്തി പ്രാപിച്ച് നിസർഗ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നു. അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെങ്കിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും. കരമനയാറിന്‍റെ തീരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്. കനത്ത മഴയിൽ പൊട്ടക്കുഴി, ഗൗരീശപട്ടം തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.