തിരുവനന്തപുരം : കോവളത്ത് കുറ്റിക്കാട്ടില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ ജൂൺ ഒന്നിന് ആരംഭിക്കും. 2019 ജൂൺ 22 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ തുടങ്ങിയിയിരുന്നില്ല. ഇതേതുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
2018 മാർച്ച് 14 ന് കോവളത്ത് നിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തുനൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
ജനുവരി 6 നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരി ഇല്‍സി സ്ക്രൊമനെ അടക്കം 104 സാക്ഷികളെ കോടതി വിസ്‌തരിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. 2018 ലാണ് വിദേശ വനിത സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സയ്ക്ക് എത്തുന്നത്.
Also Read: ഇറിഡിയം തട്ടിപ്പ് : രാംപ്രഭു 'ചില്ലറ' കള്ളനല്ല, തമിഴ് നടന്‍ വിഘ്നേഷിന് നഷ്ടമായത് 1.81 കോടി
കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ ലിഗയെ കുറ്റിക്കാട്ടിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി.ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽ കാട്ടിൽ ഉണ്ടെന്ന് പ്രതികള്‍ പറയുന്നത്.
ഇതിനിടയിൽ കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കാണിച്ച് സുഹൃത്തായ ആൻഡ്രു ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി തള്ളുകയായിരുന്നു.