സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമായതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തീവ്രവാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ കാലാവധി അവസാനിക്കാന്‍ ശേഷിക്കുന്നത് അഞ്ച് ദിവസം. സര്‍ക്കാര്‍ ഉദ്ദേശിച്ചതിന്‍റെ 2 ശതമാനം വാക്‌സിനേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യഞ്ജം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാക്‌സിനേഷന്‍ യജ്ഞം പ്രഖ്യാപനമായി മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. 7,820 തെരുവ് നായ്ക്കള്‍ക്ക് മാത്രമാണ് ഇതുവരെയുളള കണക്ക് പ്രകാരം വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്.
2019ലെ കണക്കനുസരിച്ച് മൂന്ന് ലക്ഷം തെരുവ് നായ്ക്കള്‍ കേരളത്തിലുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. കൊവിഡ് ലോക്ക്ഡൗണ്‍ അടക്കമുള്ള സാഹചര്യം പരിഗണിച്ചാല്‍ തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവെങ്കിലും പ്രതീക്ഷിക്കാം. അങ്ങനെ നോക്കുകയാണെങ്കില്‍ തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ എങ്ങുമെത്താത്ത് സ്ഥിതിയാണ്.
തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയ കണക്ക് ജില്ല തിരിച്ച് (ഒക്ടോബര്‍ 13വരെയുള്ള കണക്ക്):
ജില്ല | വാക്‌സിനേഷന്‍ |
തിരുവനന്തപുരം | 1805 |
കൊല്ലം | 439 |
പത്തനംതിട്ട | 121 |
ആലപ്പുഴ | 1027 |
കോട്ടയം | 818 |
ഇടുക്കി | 5 |
എറണാകുളം | 86 |
തൃശൂര്‍ | 532 |
പാലക്കാട് | 476 |
മലപ്പുറം | 102 |
കോഴിക്കോട് | 16 |
വയനാട് | 1 |
കണ്ണൂര്‍ | 119 |
കാസര്‍കോട് | 14 |
സംസ്ഥാനത്ത് രണ്ട് തരത്തിലാണ് നായ്ക്കളുടെ വാക്‌സിനേഷന്‍ നടക്കുന്നത്. ഒന്ന് വളര്‍ത്തു നായ്ക്കളിലെ വാക്‌സിനേഷനും മറ്റൊന്ന് തെരുവ് നായ്ക്കളിലെ വാക്‌സിനേഷനും. ഇതില്‍ കുറച്ചെങ്കിലും പുരോഗതിയുണ്ടായിരിക്കുന്നത് വളര്‍ത്തു നായ്ക്കളിലെ വാക്‌സിനേഷനിലാണ്. 3,11,409 വളര്‍ത്തു നായ്ക്കള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.
തെരുവ് നായ്ക്കളുടെ വാക്‌സിനേഷന് വെല്ലുവിളിയാകുന്നത് പട്ടി പിടുത്തക്കാരില്ല എന്നതാണ്. വേണ്ട വിധത്തിലുള്ള ഒരുക്കങ്ങളില്ലാതെ വേഗത്തില്‍ വാക്‌സിനേഷന്‍ യജ്ഞം പ്രഖ്യാപിച്ചതും വെല്ലുവിളിയായിട്ടുണ്ട്. പുതിയ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനൊപ്പം ഇവര്‍ക്ക് വാസ്‌കിനേഷന്‍ കൂടി നല്‍കണം. വാക്‌സിനേഷന്‍ കഴിഞ്ഞ് 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇവരെ നായ്ക്കളെ പിടിക്കാനായി നിയോഗിക്കാന്‍ കഴിയുകയൂള്ളൂ. ഇതൊന്നും മുന്‍കൂട്ടികാണാതെയുള്ള പദ്ധതി പ്രഖ്യാപനമാണ് ഈ അവസ്ഥയ്ക്ക് കാരണം.