തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇക്കാര്യത്തില്‍ കേരളത്തിൽ മുമ്പ് നില നിന്നിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
എത് സംസ്ഥാനത്തില്‍ നിന്നും കേരളത്തിലേക്ക് വരാം. വരുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനിൽ കഴിയണം. സൗകര്യമുണ്ടെങ്കില്‍ വീടുകളില്‍ തന്നെയാകാം. എട്ടാം ദിവസം കൊവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്. ഫലം നെഗറ്റീവായാല്‍ നിരീക്ഷണത്തില്‍ കഴിയുന്നത് അവസാനിപ്പിക്കാം. പോസിറ്റീവാണെങ്കില്‍ ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്ന തരത്തിലുള്ള ചികിത്സ തേടണം. എട്ടാം ദിവസം പരിശോധന നടത്തുന്നില്ലെങ്കില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.
ഇതോടൊപ്പം ഹ്രസ്വകാല സന്ദര്‍ശനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവ് നല്‍കുന്നുണ്ട്. ഇവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഒഴിവാക്കാം. ഏഴ് ദിവസം വരെയുള്ള സന്ദര്‍ശനങ്ങളെയാണ് ഹ്രസ്വകാല സന്ദര്‍ശനമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സന്ദര്‍ശനം സമബന്ധിച്ച് വിശദ വിവരങ്ങള്‍ കൈമാറുകയും വേണം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന് നിര്‍ബന്ധമായും നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും പരിശോധന നടത്തുന്നത് അഭികാമ്യമാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇതിന്‍റെ ഭാഗമായി വിദേശത്തു നിന്നു വരുന്നവരെല്ലാം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. അതിനൊപ്പം ക്വാറന്‍റൈനില്‍ നിര്‍ബന്ധമായും കഴിയണം.