തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം 377 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതിനിടെ നഗത്തിലുള്ള ബണ്ട് കോളനിയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട പൊലീസ് ആസ്ഥാനം ഇന്നും തുറക്കില്ല. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് തുറക്കേണ്ടതില്ലെന്ന് തീരുമാനമായത്.
ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം മാത്രം 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 55 ആയി. ആറ്റിങ്ങല്‍ ഡിവൈഎസ്‌പി ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്കാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.