തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ചെയർമാൻ ബി. അശോകും സിപിഎം അനുകൂല ഇടത് സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ നിലനിൽക്കുന്ന തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം ഡയറക്‌ടർ ബോർഡ് അംഗങ്ങളും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് വിഷയത്തിൽ സിപിഎം നേതൃത്വം ഇടപെടുന്നത്.
മുഖ്യമന്ത്രിയുടെ ഇടപെടൽ: ഓഫിസേഴ്‌സ് അസോയിയേഷൻ പ്രസിഡൻ്റ് എം.ജി സുരേഷ്‌കുമാറിൻ്റെയും ജനറൽ സെക്രട്ടറി ഹരികുമാറിൻ്റെയും സംസ്ഥാന ഭാരവാഹി ജാസ്‌മിൻ ബാനുവിൻ്റെയും സസ്പെൻഷൻ പിൻവലിച്ചെങ്കിലും എം.ജി സുരേഷ്‌കുമാറിനെ പെരിന്തൽമണ്ണയിലേക്കും ജാസ്‌മിൻ ബാനുവിനെ പത്തനംതിട്ട സീതത്തോടിലേക്കും സ്ഥലം മാറ്റുകയും ഹരികുമാറിനെ സ്ഥാനക്കയറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തർക്കം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ചർച്ചയ്ക്കായി സിപിഎം നിയോഗിച്ച എ.കെ ബാലൻ എന്നിവരും വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടത്.
പിന്നോട്ടില്ലെന്ന് സമരക്കാർ: അതേസമയം വിഷയത്തിൽ മന്ത്രിതല ചർച്ച ആവശ്യമില്ലെന്നും മാനേജ്മെൻ്റ് തല ചർച്ച മതിയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മന്ത്രി, മാനേജ്മെൻ്റുമായി സംസാരിച്ച ശേഷം വിഷയത്തിൽ ഇടപെടാമെന്നാണ് ഇന്ന് പ്രതികരിച്ചത്. എന്നാൽ മാനേജ്മെൻ്റ് ഏകപക്ഷീയവും പ്രതികാരപരവുമായ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഓഫിസേഴ്‌സ് അസോസിയേഷൻ.
ഇതോടെ വൈദ്യുതി ബോർഡിൽ ചെയർമാൻ - ഓഫിസേഴ്‌സ് അസോസിയേഷൻ പോര് വീണ്ടും മുറുകുകയാണ്. ഏപ്രിൽ 28ന് കെ.എസ്.ഇ.ബിയിൽ നടക്കുന്ന തൊഴിലാളി സംഘടനകളുടെ ഹിത പരിശോധന വരെ വിഷയം സജീവമാക്കി നിർത്താനാണ് സി.ഐ.ടി.യു ആലോചിക്കുന്നത്.
ഭരണ വിലാസം സംഘടനയല്ല സി.ഐ.ടി.യു എന്ന പ്രതീതി സൃഷ്‌ടിച്ച് കഴിഞ്ഞ തവണത്തേതു പോലെ ഹിതപരിശോധനയിൽ ഒന്നാമതെത്തുകയാണ് സി.ഐ.ടി.യുവിൻ്റെ ലക്ഷ്യം. അതിന് വീണുകിട്ടിയ ഒരായുധമായാണ് ഇപ്പോഴത്തെ പ്രശ്‌നത്തെ സി.ഐ.ടി.യു കാണുന്നത്.
READ MORE: കെ.എസ്.ഇ.ബി തര്‍ക്കം : ജാസ്‌മിന്‍ ബാനുവിന്റെ സസ്പെൻഷൻ പിൻവലിച്ചു, സ്ഥലം മാറ്റം