തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടു തട്ടുന്നതിന് വേണ്ടി എട്ട് മാസത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയത് സർക്കാരാണ്. സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബർ മുതൽ മാർച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങൾക്ക് വോട്ട് കിട്ടിയാൽ മതിയെന്ന ക്രൂരമായ മനോനിലയാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു.
സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഏപ്രിൽ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതിനെന്താണ് കുഴപ്പമെന്നും യുപിഎ സർക്കാർ ആവിഷ്കരിച്ച ഭക്ഷ്യ സുരക്ഷ പദ്ധതി അനുസരിച്ചുള്ള ഭക്ഷ്യധാന്യമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. ഇത് സർക്കാരിൻ്റെ ഔദാര്യമല്ല. അവകാശമാണ്. അതാണ് വോട്ടിനു വേണ്ടി നിഷേധിച്ചത്. സാമൂഹ്യ സുരക്ഷ പെൻഷനും ഭക്ഷ്യക്കിറ്റുകളും ഏപ്രിൽ മാസം വോട്ടെടുപ്പിന് മുൻപ് മുൻകൂട്ടി നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.