പത്തനംതിട്ട: ഉത്രാ വധക്കേസിലെ പ്രതികളെയും കൊണ്ട് വനം വകുപ്പിന്‍റെ തെളിവെടുപ്പ്. പ്രതികളായ സൂരജ്, പാമ്പ് പിടിത്തകാരന്‍ സുരേഷിനെയും, സൂരജിന്‍റെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. അണലിയെ കൊണ്ട് ഉത്രയെ ആദ്യം കടിപ്പിക്കുവാൻ ശ്രമം നടന്നത് സുരജിന്‍റെ പറക്കോടുള്ള വീട്ടിൽ വച്ചായിരുന്നു.
പാമ്പുകളെ കൈവശം വച്ചതിൽ വനം വകുപ്പ് എടുത്ത കേസിലാണ് പ്രതികളെ അടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ കൊലപ്പെടുത്താൻ സൂരജിനു പാമ്പുകളെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി.
സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കി വിടുമായിരുന്നു. വീട്ടിൽ വിരിഞ്ഞ മൂർഖൻ പാമ്പിന്‍റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂർ അടുതല പാലത്തിനു സമീപമാണ്. ഇത്തരം പ്രവൃത്തികൾ മുൻപും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ സുരേഷ് സമ്മതിച്ചു. വനം വകുപ്പിന്‍റെ കസ്‌റ്റഡിയിൽ കഴിയുന്ന സൂരജിനെയും സുരേഷിനെയും ഇന്നലെ കല്ലുവാതുക്കൽ, ചാത്തന്നൂർ പ്രദേശങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവർകോട് സുരേഷ് കല്ലുവാതുക്കൽ ശാസ്‌ത്രമുക്കിലെ പുരയിടത്തിൽനിന്നു പിടിച്ചതാണെന്നു കണ്ടെത്തി.