പത്തനംതിട്ട: മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട നാളെ രാവിലെ ആറ് മണിക്ക് അടയ്ക്കും. അയ്യപ്പഭക്തര്‍ക്ക് ഇന്ന് രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്ര ശ്രീകോവില്‍ തുറക്കും. ജലാഭിഷേകവും പാലഭിഷേകവും ഇളനീര്‍ അഭിഷേകവും നടക്കും. തുടര്‍ന്ന് ഗണപതി ഹോമം. അതിനു ശേഷം ശബരിമല അയ്യപ്പ ശ്രീകോവിലിനു മുന്നില്‍ നിന്നും തിരുമുറ്റത്തു നിന്നും എല്ലാവരും പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നടത്തുന്നതിനു വേണ്ടി ഒഴിഞ്ഞു കൊടുക്കും. രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ് കുമാര്‍ വര്‍മ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കുന്നതോടെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
നാളെ ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി ക്ഷേത്ര മേല്‍ശാന്തി പതിനെട്ടാം പടിയുടെ താഴെ എത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി ഒരു പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെ ആചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകും. പിന്നീട് കുംഭമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്നത് ഫെബ്രുവരി 13ന് വൈകീട്ടായിരിക്കും.