പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നു. ജില്ലാ ആസ്ഥാനത്തിന് സമീപം വലഞ്ചുഴിയിലും കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ അരുവിക്കുഴിയിലുമാണ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കലക്ടര്‍ പി.ബി. നൂഹും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വലഞ്ചുഴിയില്‍ പരിസ്ഥിതി സൗഹാര്‍ദ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി വലഞ്ചുഴി, അരുവിക്കുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
അച്ചന്‍കോവിലാറിന്റെ തീരത്ത് കുമ്പഴ പാലം മുതല്‍ പത്തനംതിട്ട കണ്ണങ്കര വരെ നീളുന്ന നദീതീരത്ത് ചെറിയ കൈയേറ്റമുണ്ടായിരുന്നുവെന്നും എന്നാല്‍ നദീതീരത്ത് സര്‍വേ നടത്തിയപ്പോള്‍ രണ്ടര ഏക്കര്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്തിയെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് സായാഹ്ന വേളകള്‍ ആനന്ദകരമാക്കുന്ന പാര്‍ക്കുകള്‍ ഇല്ല. ഇതിനു പരിഹാരമായി വലംചുഴിയില്‍ നദിക്ക് സംരക്ഷണ ഭിത്തിയും നടപ്പാതയും കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിക്കും. പ്രകൃതിയോട് ഇണങ്ങിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.
അരുവിക്കുഴി വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ സര്‍വേ റവന്യു വകുപ്പ് ഉടന്‍ നടത്തും. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസര്‍ മിനി കുമാരി, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.