പത്തനംതിട്ട : തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻ തുണ്ടിയിൽ വീട്ടിൽ രാജൻ (63) ആണ് ഓക്സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ മരിച്ചത്.ഞായറാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ശ്വാസം മുട്ടൽ അനുഭവപ്പെട്ട രാജനെ രാതി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Also Read: ഓക്‌സിജൻ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ചെന്ന പരാതി, റിപ്പോർട്ട് തേടി മന്ത്രി വീണ ജോര്‍ജ്
ഇവിടെ നിന്നും ഡ്യൂട്ടി ഡോക്ടർ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നുവെന്നാണ് പരാതി. ബന്ധുക്കൾ ഇത് സംബന്ധിച്ച് പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിരുന്നു.