പത്തനംതിട്ട: അധികാരവും ആയുധവും ഉപയോഗിച്ചുള്ള കൊലപാതക രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി സെക്രട്ടറി ശരത് ചന്ദ്രപ്രസാദ്. ആന്തൂർ സംഭവത്തിൽ കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തൂർ സംഭവത്തിൽ പിഴവ് സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. സാജൻ കോൺഗ്രസുക്കാരനായതുകൊണ്ടല്ല ഇവിടെ ധർണ സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിൽ കൊള്ളയും കൊലയും പീഡനവും ദിവസവും അരങ്ങേറുന്ന സ്ഥലമാണ് കേരളം. തന്റേടിയായ ചെയർപേഴ്സൺ അധികാരം ദുർവിനിയോഗം ചെയ്തതാണെന്നും ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. ഇടുക്കിയിൽ എസ്പി അടക്കമുള്ളവർ പ്രതിയാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ഡിസിസിയുടെ നേത്യത്വത്തിൽ നടന്ന ധർണയിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യാക്കൂബ്, പന്തളം സുധാകരൻ, മുൻ എംഎൽഎമാരായ ശിവദാസൻ നായർ, മാലേത്ത് സരള ദേവി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മോഹൻ രാജ്, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.