പത്തനംതിട്ട: വെയിൽ കടുത്ത് ജലസ്രോതസുകള്‍ വറ്റിത്തുടങ്ങിയതോടെ പത്തനംതിട്ടയില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. അച്ചൻകോവിലാറും പമ്പയാറും ശോഷിച്ചു തുടങ്ങിയതും കിണറുകളും തോടുകളും വറ്റിയതും ജലക്ഷാമം രൂക്ഷമാക്കി. ജലവിതരണ പദ്ധതികളിൽ നിന്ന് വെള്ളം ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. വിവിധ കാരണങ്ങളാൽ വെള്ളം എത്താത്ത സ്ഥലങ്ങളുമുണ്ട്. കിലോമീറ്ററുകളോളം നടന്ന് തലചുമടായി വെള്ളം എത്തിക്കുന്നവരും വെള്ളം ശേഖരിക്കാൻ ജലവിതരണ ടാപ്പുകളുടെ മുന്നിൽ കാത്തുനിൽന്നവരും കുറവല്ല.
കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് ജില്ലയിലെ ജനങ്ങൾ. പാടശേഖരങ്ങളും വെള്ളമില്ലാതെ വരണ്ടുണങ്ങി തുടങ്ങി. പ്രമാടം പഞ്ചായത്ത്, കോഴഞ്ചേരി, പെരുമ്പെട്ടി, കോന്നി, അടൂർ, ഏനാത്ത്, കുളനട, ചെറുകോൽ എന്നിവിടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഡാമുകൾ കൃത്യമായി തുറക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. 2018ലെ പ്രളയത്തിന് ശേഷം പമ്പയാറിൽ രൂപപ്പെട്ട മൺതിട്ടകള്‍ നീക്കം ചെയ്യാന്‍ പോലും അധികൃതർ തയ്യാറായിട്ടില്ല.