പാലക്കാട്: ആർഎസ്എസ് ഇന്ത്യയെ നയിക്കുന്നത് ജാതി മേൽക്കോയ്‌മയിലേക്കെന്ന് ഇടതുപക്ഷ ചിന്തകൻ കെ.ഇ.എൻ കുഞ്ഞുമുഹമ്മദ്. ഇന്ത്യൻ ഫാസിസം ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുമതത്തെ അല്ലെന്നും മറിച്ച് ജാതിവ്യവസ്ഥയിലൂടെ തങ്ങളുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൽ ഹിന്ദു മതമടക്കം ഏതു മതങ്ങളുടെ അടിസ്ഥാന ശിലയെപ്പറ്റി പരിശോധിച്ചാലും സത്യം, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെ കണ്ടെത്താനാകുമെന്നും മറിച്ച് ജാതി വ്യവസ്ഥയുടെ അടിസ്ഥാനമെന്തെന്ന് പരിശോധിക്കുമ്പോൾ രക്തവും ശരവും നിലവിളിയും മാത്രമാണവിടെ അവശേഷിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പൗരത്വ നിരാകരണത്തിന്‍റെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈൻ സെന്‍ററിൽ ചേർന്ന പരിപാടിയിൽ ഫാദർ ജോസഫ് ചിറ്റിലപ്പള്ളി, ഡോക്ടർ സരിൻ തുടങ്ങിയവരും പ്രസംഗിച്ചു.