പാലക്കാട് : ജില്ലയിലെ വനാതിർത്തിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുതൂർ പഞ്ചായത്തിലെ ചീരക്കടവ് പ്രദേശത്താണ് സംഭവം. കമ്പിവേലിയില്‍ അകപ്പെട്ട് ചത്ത നിലയില്‍ ചൊവ്വാഴ്ചയാണ് പുലിയെ കണ്ടെത്തിയത്. രണ്ട് വയസ് തോന്നിക്കുന്ന പെൺ പുള്ളിപ്പുലിയാണിത്.
തമിഴ്നാട് തഡാഗം (Tadagam) സ്വദേശിയായ പാപ്പനെന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയോട് ചേർന്നുള്ളതാണ് ഈ വനാതിർത്തി. അഹാഡ്സ് (Attapadi Hills Area Development Society Project ) നിർമിച്ച കമ്പിവേലിയാണിത്. പന്നിക്ക് വെച്ച കുരുക്കിൽ പുള്ളിപ്പുലി കുടുങ്ങിയതാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മരണകാരണം കണ്ടെത്തിയ ശേഷം മറ്റുനടപടികൾ സ്വീകരിക്കുമെന്ന് അട്ടപ്പാടി റേഞ്ച് ഓഫിസർ എൻ സുബൈർ അറിയിച്ചു. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.