പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. കാര്‍ഷിക മേഖലയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ജില്ല.. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന ജില്ല അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് പാലാക്കാടിന്. 2011 ലെ സെന്‍സസ് പ്രകാരം ഒരു കോടി 31 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവയാണ് പാലക്കാട്ടെ നിയോജകമണ്ഡലങ്ങൾ. മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും ഒമ്പത് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജനപ്രതിനിധികളുമാണ് ഭരിക്കുന്നത്.
ഭരണകാലാവധി നാല് വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2014 മുതല്‍ 2020 വരെ ജില്ലയില്‍ എംഎല്‍എമാര്‍ തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എത്ര തുക വീതം ചെലവഴിച്ചുവെന്നാണ് ഇനി പരിശോധിക്കുന്നത്.. ഒരു വര്‍ഷം അഞ്ച് കോടി രൂപയാണ് ഓരോ എംഎല്‍എമാര്‍ക്കും പ്രാദേശിക വികസന ഫണ്ടായി നല്‍കിയിരിക്കുന്നത്. ജില്ലയിലെ ഓരോ എംഎല്‍എയും പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഷൊര്‍ണൂര്‍ എംഎൽഎ പി.കെ ശശിയാണ് ഒന്നാമത്. മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ യഥാക്രമം തങ്ങളുടെ മണ്ഡലങ്ങളായ തരൂർ, ചിറ്റൂർ എന്നിവിടങ്ങളിലും നെന്മാറയിൽ കെ. ബാബു, പാലക്കാട് ഷാഫി പറമ്പിൽ എന്നിവരും 20 കോടി രൂപയ്ക്ക് മുകളിൽ മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. 12 കോടി രൂപയിൽ താഴെ മാത്രം ചെലവഴിച്ച തൃത്താല എംഎൽഎ വി.ടി. ബൽറാമാണ് ഏറ്റവും പിന്നിൽ.
മണ്ഡലം | എംഎല്‍എ | ചെലവാക്കിയത് |
തൃത്താല | വിടി ബല്‍റാം (യുഡിഎഫ്) | 11 കോടി 88 ലക്ഷം |
പട്ടാമ്പി | മുഹമ്മദ് മുഹ്സിൻ (എല്‍ഡിഎഫ്) | 6 കോടി 84 ലക്ഷം |
ഷൊർണൂര്‍ | പികെ ശശി (എല്‍ഡിഎഫ്) | 23 കോടി 64 ലക്ഷം |
ഒറ്റപ്പാലം | പി ഉണ്ണി (എല്‍ഡിഎഫ്) | 19 കോടി 90 ലക്ഷം |
കോങ്ങാട് | കെ.വി. വിജയദാസ് (എല്‍ഡിഎഫ്) | 18 കോടി 87 ലക്ഷം |
മണ്ണാർക്കാട് | അഡ്വ. എം. ഷംസുദ്ദീന്‍ (യുഡിഎഫ്) | 19 കോടി 94 ലക്ഷം |
മലമ്പുഴ | വിഎസ് അച്യുതാനന്ദൻ (എല്‍ഡിഎഫ്) | 17 കോടി 27 ലക്ഷം |
പാലക്കാട് | ഷാഫി പറമ്പിൽ (യുഡിഎഫ്) | 20 കോടി രൂപ |
തരൂർ | എകെ. ബാലന്‍ (എല്‍ഡിഎഫ്) | 21 കോടി 61 ലക്ഷം |
ചിറ്റൂർ | കെ കൃഷ്ണൻകുട്ടി (എല്‍ഡിഎഫ്) | 18 കോടി 74 ലക്ഷം |
നെന്മാറ | കെ ബാബു (എല്‍ഡിഎഫ്) | 20 കോടി 96 ലക്ഷം |
ആലത്തൂർ | കെഡി പ്രസേനന്‍ (എല്‍ഡിഎഫ്) | 18 കോടി 86 ലക്ഷം |