പാലക്കാട്: മുതലമട മൊണ്ടിപ്പതി പന്തപ്പാറയിൽ വനത്തിനുള്ളിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസി അയ്യപ്പനാണ് ശനി വൈകിട്ട് നാലിന് തലയോട്ടി കണ്ടത്. മുതലമട ചപ്പക്കാട്ടിൽ നിന്ന് ഓഗസ്റ്റിൽ കാണാതായ യുവാക്കളുടെ കുടുംബങ്ങൾ കൊല്ലങ്കോട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ പൊലീസ് മൊണ്ടിപ്പതിയിലെത്തി പരിശോധിച്ചു.
സ്ഥലത്ത് വനം ഉദ്യോഗസ്ഥരുടെ കാവലേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കൾ കയറിപ്പോയതെന്നു കരുതുന്ന വനത്തിനു സമീപമാണ് തലയോട്ടി കണ്ടത്. എന്നാൽ കൂടുതൽ പരിശോധന നടത്താതെ ആരുടേതാണ് തലയോട്ടി എന്ന് പറയാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സാമുവൽ (സ്റ്റീഫൻ–28), അയൽവാസി മുരുകേശൻ (28) എന്നിവരെയാണ് ഓഗസ്‌റ്റ് 30-ന് രാത്രി 10-ന് ചപ്പക്കാട് ലക്ഷം വീട് കോളനിയിൽ നിന്നു കാണാതായത്.
Also Read: കനാലിൽ തള്ളിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
സാമുവൽ ജോലി ചെയ്ത ചപ്പക്കാട്ടിലെ തോട്ടത്തിന്‍റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ഇതിനു ശേഷം എന്തു സംഭവിച്ചുവെന്ന് അറിയാൻ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 60 ദിവസം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനപ്രദേശങ്ങളിലും വനം, അഗ്നിശമനസേന, നാട്ടുകാർ എന്നിവരൊത്ത് പൊലീസ് നേരിട്ടും ഡ്രോൺ പറത്തിയും പരിശോധന നടത്തിയിരുന്നു.
മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായയെ എത്തിച്ച് പരിശോധിച്ചും ഫലമുണ്ടായില്ല. നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.