എറണാകുളം/പാലക്കാട്: വാളയാർ കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയിൽ ഹാജരാക്കണം. വിചാരണക്കോടതി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വാളയാർ കേസിൽ തുടരന്വേഷണവും തുടർ വിചാരണയും ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതി വിധി സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ പ്രതികൾ വീണ്ടും വിചാരണ നേരിടേണ്ടിവരും.
വാളയാർ കേസ് അന്വേഷണത്തിൽ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്‌ചകൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചു. ആദ്യ മരണത്തിൽ ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടായില്ല, കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. ആദ്യ കുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം തടയാമായിരുന്നു. പീഡനം നടന്നുവെന്ന ഡോക്‌ടറുടെ റിപ്പോർട്ടിൽ അന്വേഷണം നടന്നില്ല. പൊലീസ് വീഴ്‌ചയെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
അതേസമയം ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നുവെന്ന് പ്രതികരിച്ച് പെൺകുട്ടികളുടെ അമ്മ. പ്രതികൾക്ക് തക്ക ശിക്ഷ കിട്ടുമെന്ന് കരുതുന്നതായും അവർ പ്രതികരിച്ചു.