മലപ്പുറം: നിലമ്പൂരില്‍ ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ റോഡിലിറങ്ങി. വിഷു ആഘോഷത്തിന് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ വാങ്ങാനായാണ് നിയന്ത്രണൾ പാലിക്കാതെ ആളുകൾ കച്ചവട കേന്ദ്രങ്ങളിലെത്തിയത്. വിഷുത്തലേന്ന് രാവിലെ മുതല്‍ വാഹനങ്ങളുമായി ആളുകൾ റോഡിലിറങ്ങി. ബാങ്കുകള്‍ക്ക് മുന്‍പിലും നല്ല തിരക്കാണനുഭവപ്പെട്ടത്. പെന്‍ഷന്‍ വാങ്ങാനെത്തിയവരും എടിഎമ്മില്‍ നിന്ന് പണം എടുക്കാനെത്തിയവരുമാണ് കൂടുതലും. നിലമ്പൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ വീട്ടിക്കുത്ത് റോഡില്‍ വലിയ തിരക്കനുഭവപ്പെട്ടത്.
വിലക്കയറ്റമില്ലാതെ വിഷു ആഘോഷം
വിപണിയില്‍ പച്ചക്കറി അടക്കമുള്ള സാധനങ്ങൾക്ക് മുൻ വർഷത്തെ അപേക്ഷിച്ച് വില വർധയുണ്ടാകാത്തത് ജനത്തിന് ആശ്വാസമായി. പയറിനും വെണ്ടക്കയ്ക്കും മാത്രമാണ് വില വർധിച്ചത്. പയർ കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 90 ആയപ്പോൾ വെണ്ടയ്ക്ക 40 ല്‍ നിന്ന് 80 രൂപയായി. മുരിങ്ങക്കായ കിലോ 40 രൂപ, പാവക്ക 40 രൂപ, മത്തന്‍ 20 രൂപ, സവാള 28 രൂപ എന്നിങ്ങനെയാണ് വിഷുത്തലേന്ന് നിലമ്പൂരിലെ വില നിലവാരം.
കോഴി വിലയിലും മുന്‍ വര്‍ഷങ്ങളിലെ പോലെ വര്‍ധനയുണ്ടായിട്ടില്ല. നിലമ്പൂരില്‍ 99 മുതല്‍ 110 രൂപ വരെയാണ് കിലോ വില. മീൻ വരവ് നിലച്ചതോടെ ആവശ്യക്കരും ഇല്ലായിരുന്നു. വസ്ത്ര വ്യാപാര മേഖല പൂർണായും അടഞ്ഞു കിടന്നതിനാണ് പുതു വസ്ത്ര വിപണി ഇല്ലാതെയാണ് ഈ വിഷുക്കാലം കടന്നുപോകുന്നത്.