മലപ്പുറം: നിയമസഭ, ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി ദേശീയ നേതൃത്വം. സംസ്ഥാന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ദേശീയ ജന.സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇന്ധന വില കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മലയോര മേഖലയിലെ ബഫര്‍ സോണുകളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്‌ദുല്‍ വഹാബ്, എംകെ മുനീര്‍, കെപിഎ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.