മലപ്പുറം: ഭര്‍തൃപീഡനത്തിനെതിരെ നല്‍കിയ പരാതിയില്‍ ഒരു മാസമായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമായി യുവതിയും ബന്ധുക്കളും രംഗത്ത്. പോത്തുകല്‍ ഭൂദാനം സ്വദേശിനി മുഞ്ഞനാട്ട് ജിനിയും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്ത് വന്നത്. വാർത്താസമ്മേളനത്തിലാണ് യുവതിയും കുടുംബവും ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
പീഡനം സംബന്ധിച്ച് യുവതിയും കുടുംബവും നേരത്തെ ഡിസംബര്‍ 20-ന് വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് പതിവായി തന്നെയും മക്കളെയും ശാരീരികവും മാനസികവുമായി മര്‍ദിക്കുന്നു എന്നായിരുന്നു പരാതി. നിലവില്‍ യുവതി മാതാവിന്‍റെ കൂടെ വയനാട് അമ്പലവയലില്‍ വാടകക്കാണ് ഇപ്പോള്‍ താമസിക്കുന്നത്. താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണ പുരോഗതി അറിയാന്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഹാജരായി മൊഴി നല്‍കണമെന്ന മറുപടിയാണ് യുവതിക്ക് ലഭിച്ചത്. ഇതനുസരിച്ച് ജിനി മക്കൾക്കു മാതാവിനും ഒപ്പം വ്യാഴാഴ്‌ച വഴിക്കടവ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ നല്‍കിയ പരാതിയുടെ രേഖകള്‍ കാണാനില്ലെന്നും പുതിയതായി പരാതി നല്‍കണമെന്നും പൊലീസ് അറിയിച്ചതായി ഇവര്‍ പറഞ്ഞു. പൊലീസിന്‍റെ കൃത്യവിലോപത്തിനെതിരെയും സ്ത്രീകളെയും കുട്ടികളെയും നിരന്തരം സ്റ്റേഷനിലേക്ക് നടത്തിക്കുകയും ചെയ്ത നടപടിക്കെതിരെ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.