മലപ്പുറം: കൊവിഡ് 19 വ്യാപനത്തിന്‍റെ തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 111 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,346 ആയെന്ന് ജില്ല കലക്‌ടർ ജാഫർ മാലിക് കൊവിഡ് പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 90 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,236 പേര്‍ വീടുകളിലും 20 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടും രോഗികളാണ് ഐസൊലേഷന്‍ വാര്‍ഡുകളിൽ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 346 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. അയൽ ജില്ലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം.