മലപ്പുറം: നിലമ്പൂർ നഗരസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭയിലെ മുതിർന്ന അംഗമായ വിഎ കരീം കൊവിഡ് നിരീക്ഷണത്തിലായതിനാൽ തൊട്ടടുത്ത മുതിർന്ന അംഗം വി. ജയനാരായണനാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത്. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ പ്ലാനിങ് ഓഫീസർ ഫാത്തിമ മുതിർന്ന അംഗത്തിന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ആദ്യം പ്രതിജ്ഞ ചൊല്ലിയ വിജയ നാരായണൻ മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുതിർന്ന അംഗം വിഎ കരീം ചടങ്ങ് അവസാനിച്ച ശേഷം പിപിഇ കിറ്റ് ധരിച്ച് എത്തിയാണ് സത്യ പ്രതിജ്ഞ ചെയ്തത്. ആദ്യമായി നഗരസഭ ഭരണം പിടിച്ചെടുത്ത എൽഡിഎഫ് അംഗങ്ങൾ സിപിഎം ഓഫീസിൽ നിന്ന് പ്രകടനമായാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.