മലപ്പുറം: കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ വാരാചരണത്തിന് നിലമ്പൂർ നഗരസഭയിൽ തുടക്കമായി. 'ആരും ഒറ്റക്കല്ല സമൂഹം കൂടെയുണ്ട്' എന്ന പ്രമേയത്തിലാണ് പരിപാടി നടത്തുന്നത്. അരുവാക്കോട് സൂര്യ അയൽക്കൂട്ടത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി അവർക്ക് സുരക്ഷയും മാനസിക പിന്തുണയും നൽകുക എന്നതാണ് സ്നേഹിത കോളിംഗ് ബെൽ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.നിലമ്പൂർ നഗരസഭയില്‍ ഇത്തരത്തിൽ 63 വീടുകളുണ്ട്. വാരാചരണത്തിന്‍റെ ഭാഗമായി ഈ മാസം 21 വരെ സംഘം വീടുകൾ സന്ദർശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്യും.
ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. കൗൺസിലർ രാധ അരുവാക്കോട്, നിലമ്പൂർ എ.എസ്. ഐ. എൻ. രവീന്ദ്രൻ, പി.സി. ഷീബ, ജില്ല മിഷൻ നിലമ്പൂർ ബ്ലോക്ക് കോ ഓർഡിനേറ്റർ ശരണ്യ രാജ്, സി.ഡി.എസ്. ചെയർപേഴ്സൺ കെ.വി. ആമിന, ഡോക്യുമെന്‍റേഷൻ വിഭാഗത്തിലെ റസിയ മമ്പാട്, ജെൻഡർ കോർ ടീം ബിജി തോമസ്, എ.ഡി.എസ്. പ്രസിഡൻറ് കെ.പി. നിഷ, സാമൂഹ്യ വികസന കൺവീനർ റുബീന എന്നിവർ സംസാരിച്ചു.