കോഴിക്കോട്: കല്ലാച്ചിയിൽ വീട്ടിൽ അനധികൃതമായി കയറി തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയ യുവാവ് കസ്റ്റഡിയിൽ. പെരുവങ്കര ചീരാമ്പത്ത് പോക്കർ ഹാജിയുടെ വീട്ടിൽ എത്തിയ പ്രതി തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് പരാതി. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കല്ലാച്ചി ചെറുമോത്ത് സ്വദേശി കുന്നുമ്മൽ ബഷീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയിലാണ് സംഭവം.
അക്രമത്തിൽ പരിക്കേറ്റ സഹോദരങ്ങൾ വടകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പെരുവങ്കരയിലെ ആർആർടി മെമ്പറായ അഫ്സൽ കണ്ടെയ്ൻമെന്‍റ് മേഖലയിൽ ഉൾപെട്ട പ്രദേശത്തുള്ള ബഷീറിന്‍റെ സഹോദരൻ ഉസ്മാനെ ഇവരുടെ വീടിനു സമീപം കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും ഇതിന്‍റെ പേരിൽ വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബഷീർ ഇവരുടെ വീട്ടിൽ എത്തിയത്. ബഹളം കേട്ട് എത്തിയ നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പ്രതി ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.