കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം. രാവിലെ മുതൽ ചുരുക്കം ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽ നിന്ന് വൈകുന്നേരം ആറ് മണി വരെ ഒരു സർവീസും നടത്തിയില്ല. സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും ജീവനക്കാരില്ലാത്തതിനാൽ അടഞ്ഞുകിടന്നു.
പണിമുടക്കിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ച വ്യാപാരികളും ഇന്ന് കടകൾ തുറന്നില്ല. ജീവനക്കാർ എത്താത്തതിനാലാണ് കടകൾ തുറക്കാൻ സാധിക്കാത്തതെന്ന് നേതാക്കൾ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ അഭിമുഖ്യത്തിൽ പുതിയ സ്റ്റാന്റ് പരിസരത്ത് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ സത്യാഗ്രഹ സമരം നടന്നു. സത്യാഗ്രഹം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
തൊഴിൽ സുരക്ഷാ നിയമങ്ങളും മറ്റാനുകൂല്യങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ രാജ്യത്താകെ ശക്തമായ ചെറുത്ത് നിൽപ്പ് ഉയർന്ന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി എവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പണിമുടക്കിനോട് പൂർണമായും സഹകരിച്ചുവെന്ന് ട്രേഡ് യൂണിൻ നേതാക്കൾ അറിയിച്ചു.