കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീഷിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം. ജോലി സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബത്തിന്‍റെ പരാതി. ചിട്ടി കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതലയുള്ള സംഘത്തില്‍ സുധീഷ് ഉണ്ടായിരുന്നു.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെ രേഖകൾ തയ്യാറാക്കാനുള്ള ചുമതല സുധീഷിന് നൽകിയിരുന്നു. വീട്ടിലെത്തിയാലും ഇതിന്‍റെ പിരിമുറുക്കത്തിലായിരുന്നു സുധീഷെന്ന് കുടുംബം പറഞ്ഞു. മരണത്തിന് പിന്നാലെ സുധീഷിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തതിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍യുകയായിരുന്നു.
തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 23) പാതിരപ്പറ്റ സ്വദേശി എം.പി സുധീഷിനെ പൊലീസ് സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച (ഒക്‌ടോബര്‍ 22) രാത്രി 11 മണിയോടെ ഡ്യൂട്ടിക്കിടെ സുധീഷിനെ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821