കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി പൊലീസ്. അടിക്കടിയുണ്ടാകുന്ന സുരക്ഷാവീഴ്‌ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്ന് അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ സംഘം പരിശോധന നടത്തിയത്. ആശുപത്രിയിലെ സൗകര്യക്കുറവുകൾ സംബന്ധിച്ച് ജില്ല ജഡ്‌ജ് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന.
Also Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുതിരവട്ടത്തെ സുരക്ഷാവീഴ്‌ച സംബന്ധിച്ച് മൂന്ന് ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ.ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ സുരക്ഷാജീവനക്കാരുടെ എണ്ണം കുറവാണ്. ചുറ്റുമതിലിന്‍റെ ഉയരം വർധിപ്പിക്കുകയും ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും വേണം. ഇക്കാര്യങ്ങളൊക്കെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവുമൊടുവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്ന റിമാൻഡ് പ്രതിയായ അന്തേവാസി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു.