കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതിയായ ബാങ്ക് മാനേജരെ പിടികൂടാനാകാതെ പൊലീസ്. കേസില്‍ പ്രതിയായ മാനേജര്‍ റിജിലിനെതിരെ കോസെടുത്തിട്ട് പത്ത് ദിവസം പിന്നിട്ടു. സംസ്ഥാനത്തെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല.
അതേസമയം റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതി നാളെ വിധി പറയും. കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാനാണ് പൊലീസിന്‍റെ നീക്കം. നവംബര്‍ 28നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ റിജിലിനെതിരെ പൊലീസ് കേസെടുത്തത്.
നവംബര്‍ 28 മുതല്‍ ഇയാള്‍ ഒളിവിലാണ്. തുടര്‍ന്ന് ഡിസംബര്‍ 3ന് ജില്ല ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു. കോര്‍പറേഷന്‍റെ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളില്‍ നിന്നുമാണ് ഇയാള്‍ പണം തിരിമറി നടത്തിയത്.
പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ശേഖരിക്കുന്നതിനാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ചെലവിട്ടത്. തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ ദിവസവും പരിശോധിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോര്‍പറേഷന് നഷ്‌ടപ്പെട്ട മുഴുവന്‍ പണവും അക്കൗണ്ടില്‍ തിരിച്ച് നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.
പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുഴുവന്‍ അക്കൗണ്ടുകളും പിൻവലിക്കുന്ന കാര്യവും കോര്‍പറേഷന്‍റെ പരിഗണനയിലുണ്ട്.