കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ മാവൂരില്‍ ഫയര്‍സ്റ്റേഷന് അനുമതി. 2017ലെ ബജറ്റിൽ സംസ്ഥാനത്ത് അഞ്ച് ഫയർ സ്റ്റേഷൻ അനുവദിച്ചിരുന്നു. എന്നാൽ ബജറ്റ് രേഖയിൽ മാവൂരിന് പകരം ഏലൂർ എന്നാണുണ്ടായിരുന്നത്. ഏലൂരിൽ നിലവിൽ ഫയർസ്റ്റേഷൻ ഉള്ളതിനാൽ ക്ലറിക്കൽ അബദ്ധമാണെന്നും ഉടൻ തിരുത്തുമെന്നും വിശദീകരണം നല്‍കി.
ഇതിനിടെ എംഎൽഎ പിടിഎ റഹീം അടക്കം ആവശ്യപ്പെട്ടതനുസരിച്ച് വ്യാപാരികളുടെയും മാവൂർ ഗ്രാമ പഞ്ചായത്തിന്‍റെയും സഹായത്തോടെ കൂളിമാട് റോഡിൽ മാവൂർ സബ്സെന്‍ററിനോട് ചേർന്ന് കെട്ടിടം നിര്‍മിച്ചെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ മുൻഗണനാ പട്ടികയില്‍ ജില്ലയിൽ ഒന്നാമതായി മാവൂരിനെ ഉൾപ്പെടുത്തി. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിന്‍റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് നിർദ്ദേശിച്ച സംവിധാനങ്ങൾ പ്രാദേശികമായി ഒരുക്കിനൽകുന്ന മുറക്ക് ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.