കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാൻ തയ്യാറെടുത്ത് എമിറേറ്റ്സ്. ഇതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകള്‍ക്കായി എമിറേറ്റ്സ് സംഘം മാര്‍ച്ച് ആദ്യവാരം കരിപ്പൂരിലെത്തും. സൗദി എയര്‍ലൈൻസിനും എയര്‍ ഇന്ത്യക്കും പിന്നാലെയാണ് എമിറേറ്റ്സ് സര്‍വീസ് പുനരാരംഭിക്കാൻ തയാറെടുക്കുന്നത്. കോഴിക്കോട്-ദുബയ് സെക്ടറിലായിരിക്കും എമിറേറ്റ്സ് സർവീസ് നടത്തുക.
അതേസമയം എയര്‍ ഇന്ത്യയുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ജനുവരി 15 ന് കരിപ്പൂരില്‍ നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതോറിറ്റി കഴിഞ്ഞയാഴ്ച വിശദീകരണം തേടിയിരുന്നു. മറുപടിയായി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഫയൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറിയിട്ടില്ല.
ഡി.ജി.സി.എയിൽ എത്തിയാൽ മാത്രമേ അന്തിമ അനുമതി ലഭിക്കുകയുള്ളൂ. വിഷയത്തില്‍ എയര്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. അതേസമയം എയര്‍ ഇന്ത്യ ഏപ്രില്‍ ഒന്ന് മുതല്‍ ഡല്‍ഹി-കണ്ണൂര്‍-കോഴിക്കോട് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തും. ഡൽഹി-കണ്ണൂർ സർവീസാണ് കരിപ്പൂരിലേക്ക് നീട്ടുന്നത്.
കരിപ്പൂരിലെ റൺവേ നവീകരണത്തിന് വേണ്ടിയാണ് 2015 മേയ് ഒന്ന് മുതൽ വിമാനത്താവളത്തിൽനിന്നും വലിയ വിമാനങ്ങളുടെ സർവീസ് താത്‌കാലികമായി നിർത്തലാക്കിയിരുന്നത്.