ശക്തമായ ഗതാഗതക്കുരുക്ക് നേരിടുന്ന കോട്ടയം നഗരത്തിൽ ചുട്ടുപൊള്ളുന്ന വെയിലും പൊടിയും അവഗണിച്ച് കർമ്മനിരതരായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കോട്ടയം നഗരത്തിലെ നിത്യകാഴ്ചയാണ്. എന്നാൽ നഗരത്തിലെ ഇവരുടെ കഠിനപ്രയത്നം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. മേൽകൂര പോലും ഇല്ലാത്ത തകർന്നടിയാറായ ട്രാഫിക് ഐലൻഡിൽ നിന്നാണ് ഇവർ ഗതാഗതം നിയന്ത്രിക്കുന്നത്. ചില സ്ഥലങ്ങളിൽ റോഡിലിറങ്ങി നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയുമുണ്ട്.
കോട്ടയം നഗരത്തിലെ ഐലന്‍ഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കേണ്ട നഗരസഭ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല. വേനൽ കടുത്തതോടെ ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടംതിരിയുകയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ. മുൻ വേനൽക്കാലങ്ങളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിസമയം കുറച്ചിരുന്നു. കൂടാതെ കുപ്പിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ വേനൽ കടുത്തിട്ടും അവഗണന നേരിടുകയാണ് കോട്ടയത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍.