പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന പി.ജെ. ജോസഫിന്‍റെ നിലപാടിന് പിന്തുണയുമായി പി.സി. ജോര്‍ജ് എംഎല്‍എ. പി.ജെ. ജോസഫ് മത്സരിക്കാൻ യോഗ്യനാണ്. എവിടെ നിന്നാലും ജയിക്കാന്‍ ജോസഫിന് കഴിയും.മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തിൽ പാർലമെന്‍റില്‍ ജോസഫിന് മത്സരിക്കാവുന്നതാണ്. ജോസഫിന്‍റെ ആവശ്യം ന്യായമാണ്. അത് നിഷേധിക്കാന്‍ മാണിക്ക് ആവില്ലെന്നും ജോര്‍ജ് പറഞ്ഞു.
മകനെ നിയന്ത്രിക്കാൻ മാണിക്ക് സാധിച്ചാൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാവില്ല. മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയല്ല നിലവിലുള്ളത്. ഈ തവണ പൂർണപിന്തുണ ജോസഫിനുണ്ടെന്നതും മാണി ഓര്‍ക്കണം. കേരള കോൺഗ്രസിന് കോട്ടയം സീറ്റ് നൽകി കോൺഗ്രസ് ഇടുക്കി സീറ്റ് എടുക്കണമെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് കേരള കോൺഗ്രസിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്‍റെ വാദം പി.സി. ജോർജ് തള്ളി. ഇടത്പക്ഷത്തിന് വേണ്ടി സംസാരിച്ചു കൊണ്ട് കോടിയേരിക്കൊപ്പം സ്ഥിരം കാണുന്ന വൈദികന്‍ കൊലക്കേസ് പ്രതിയാണെന്നും പി.സി ആരോപിച്ചു. പി.ജെ. ജോസഫ് മാന്യനാണെന്നും വില പേശലിന്‍റെ ശക്തി കുറയ്ക്കാൻ കേരള കോൺഗ്രസിനെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.
അതേമസയം യുഡിഎഫിലേക്കുള്ള അപേക്ഷ തള്ളിയ സാഹചര്യത്തിൽ കേരള കോൺഗ്രസിലെ പിളർപ്പ് മുന്നിൽക്കണ്ട് കയറിക്കൂടാനാണ് പി.സി. ജോർജിന്‍റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. മാണിയെ ഒഴിവാക്കി ജോസഫ് വിഭാഗം നടത്തിയ പ്രാർത്ഥനാ യജ്ഞത്തിലും വിളിക്കാതെ തന്നെ പി.സി. ജോർജ് എത്തിയിരുന്നു.