കോട്ടയം: കോട്ടയം എംപിയും കേരള കോൺഗ്രസ് എം നേതാവുമായ തോമസ് ചാഴിക്കാടന്‍റെ വീട്ടിൽ മോഷണ ശ്രമം. കോട്ടയം എസ്.എച്ച് മൗണ്ടിലെ വസതിയിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ മോഷണ ശ്രമം നടന്നത്. ഈ സമയത്ത് എംപിയുടെ ഭാര്യ ബിനു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുൻവശത്തെ ജനൽ തകർക്കുന്ന ശബ്‌ദം കേട്ടയുടന്‍ ലൈറ്റ് ഇട്ടതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, കവർച്ച തന്നെയാണോ ലക്ഷ്യം എന്ന സംശയവും ഉയരുന്നുണ്ട്. വീടിന്‍റെ ജനൽചില്ലുകളും, ഗ്രില്ലുകളും തകർക്കപ്പെട്ടിട്ടുണ്ട്. മോഷ്ടാവ് വീടിനോട് ചേർന്ന വാട്ടർ ടാങ്കിൽ കയറി അതുവഴി മുകളിലത്തെ നിലയുടെ വരാന്തയിൽ കയറിയതായാണ് സംശയിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. എംപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ സൈഡിലെ ഡോർ തുറന്നു കിടന്നിരുന്നതിനാല്‍ കാറിന്റെ ഡാഷ് ബോർഡ് തുറന്ന് അതിനകത്തെ സാധനങ്ങൾ വലിച്ചു പുറത്തിട്ട നിലയിലായിരുന്നു.
എന്നാല്‍ കാറിനകത്തുണ്ടായിരുന്ന വീടിന്‍റെ താക്കോല്‍ക്കൂട്ടം നഷ്ടപ്പെട്ടിട്ടില്ല. കാറിന്‍റെ സൈഡ് ബോഡിയില്‍ മോഷ്‌ടാവിന്‍റെ വിരലടയാളം കണ്ടെത്തിയിട്ടുണ്ട്. തോമസ് ചാഴിക്കാടൻ എം.പി ഇപ്പോൾ ഡൽഹിയിലാണ്.