കോട്ടയം: കാഴ്‌ച്ചക്കാര്‍ക്ക് കൗതുകമായി കോട്ടയം കെന്നൽ ക്ലബ്ബിന്‍റെ ശ്വാന പ്രദര്‍ശനം. നാഗമ്പടം മൈതാനിയിലാണ് ശ്വാന സൗന്ദര്യം അഴക് വിരിച്ചത്. ഡോബർമാൻ, ജെർമൻ ഷെപ്പേർഡ്, രാജപാളയം, കോംബേ, ഡാനി തുടങ്ങി 38 ഇനം ശ്വാനവീരന്മാരാണ് പ്രദർശനത്തിൽ മാറ്റുരച്ചത്. ഇതിൽ നിന്നും മികച്ചവയെ കണ്ടെത്തി സമ്മാനം നല്‍കും. ഇന്ത്യയിൽ നിന്നും അഞ്ച് ഇനങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇതാദ്യമായാണ് ഇന്ത്യയിലെ അഞ്ച് ഇനങ്ങൾ പ്രദർശനത്തിൽ മത്സരിക്കുന്നതെന്ന് കെന്നൽ ക്ലബ് സെക്രട്ടറി ജോർജ് ജേക്കബ് പുത്തൻ പറഞ്ഞു.
പ്രദർശനത്തിന്റെ ഭാഗമായി പെറ്റ് വിഭാഗത്തില്‍പ്പെട്ടവയുടെ വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു. കാറുകളുടെ പ്രദർശനവും ഇതിനൊപ്പം സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം കോട്ടയം നഗരസഭാ അധ്യക്ഷ ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്‌തു. രാവിലെ 11 മണിക്ക് ആരംഭിച്ച പ്രദർശനം കാണാൻ നൂറു കണക്കിനാളുകളാണ് എത്തിയത്.