കോട്ടയം: രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവത്തില്‍ അധ്യാപികയെ സ്‌കൂള്‍ മാനേജ്മെന്‍റ് സസ്‌പെന്‍ഡ് ചെയ്‌തു . സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാൻ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് ടീച്ചർ ചൂരലിന് തല്ലുകയായിരുന്നു എന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ശരീരത്തിലാകെ ചൂരൽ കൊണ്ട് മര്‍ദിച്ചതിന്‍റെ 20 ലധികം പാടുകളും ഉണ്ട്.
വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് മുത്തശ്ശി തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയ വിവരം വീട്ടുകാർ അറിയുന്നത്. ഉടൻ തന്നെ മുത്തശി കുട്ടിയുമായി സ്കൂളിലെത്തിയെങ്കിലും അധ്യാപിക സ്കൂളിൽ നിന്ന് പോയിരുന്നു. ടീച്ചറുമായി സംസാരിച്ചപ്പോൾ മലയാളം വായിച്ചത് ശരിയാകാത്തതിനാലാണ് കുട്ടിയെ തല്ലിയതെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. അധ്യാപിക തന്നെ വിളിച്ചിരുന്നുവെന്നും സംഭവത്തിൽ മാപ്പ് പറഞ്ഞതായും കുട്ടിയുടെ മാതാവ് പറയുന്നു.
സംഭവത്തിൽ ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. സ്കൂളിലും വീട്ടിലുമായി കുട്ടിയെ കാണാനായി എത്തുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. രണ്ടാം ക്ലാസുകാരന് മർദനമേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ്. ശ്രീലത അറിയിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപികക്കെതിരെ കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം അരംഭിച്ചു.