കൊല്ലം: സംസ്ഥാനത്തെ തീരദേശ മേഖലകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തീരദേശസംരക്ഷണത്തിനായി വന്‍തുക പ്രഖ്യാപിക്കുന്ന സർക്കാർ അത് കാര്യക്ഷമമായി വിനിയോഗിക്കാതെ കോടികളുടെ അഴിമതി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരത്ത് മുന്‍ സർക്കാർ അനുവദിച്ച പുലിമുട്ടുകൾ നിര്‍മ്മിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരത്തിനിടെയായിരുന്നു എംപിയുടെ വിമര്‍ശനം.
ഇരവിപുരം പള്ളിക്ക് സമീപം ആരംഭിച്ച രാപ്പകൽ സമരം കെ മുരളീധരൻ എംപി ഉദ്‌ഘാടനം ചെയ്തു. നിയമസഭയിൽ എപ്പോഴും ബഹളം വെക്കുന്ന ഇരവിപുരം എംഎൽഎ എം നൗഷാദ് തീരദേശ വാസികൾക്കായി ഒന്നും സംസാരിച്ച് കേട്ടിട്ടില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. യുഡിഎഫ് എംപിമാർ തീരദേശ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്‌പി നേതാവ് എ എ അസീസ്, ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ എന്നിവരും സമരത്തിൽ പങ്കെടുത്തു. മുൻ സർക്കാർ അനുവദിച്ച പുലിമുട്ടുകൾ ഇടതുസർക്കാർ വൈകിപ്പിക്കുന്നെന്ന് സമരാനുകൂലികൾ ആരോപിച്ചു. പുലിമുട്ടിന്‍റെ നിർമ്മാണം വൈകിയതോടെ ഇരവിപുരം, കാക്കത്തോപ്പ് മേഖലയില്‍ ശക്തമായ കടലാക്രമണമായിരുന്നു നേരിട്ടത്.