കൊല്ലം: ക്രിസ്മസിന്‍റെ ഹൈലറ്റ് എന്ന് പറയുന്നത് വൈനും കേക്കുമാണ്. പലതരം വൈൻ ഉണ്ടെങ്കിലും അതിൽ കൂടുതൽ പ്രിയങ്കരം മുന്തിരി വൈനാണ്. വൈൻ നിർമാണത്തിൽ രണ്ട് ദശാബ്ദം പിന്നിടുകയാണ് കൊല്ലം വാടി സ്വദേശി മോളി ഫ്രാൻസിസ് എന്ന 61 കാരി. കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്ന് വന്ന മോളി ക്രിസ്മസ് നാളുകളിൽ വീട്ടിലെത്തുന്ന അതിഥികൾക്ക് വിളമ്പാനായി വീട്ടിൽ വൈന്‍ തയ്യാറാക്കുന്നത് കാണാറുണ്ടായിരുന്നു. പിന്നീട് വൈൻ നിർമാണത്തിന്‍റെ എല്ലാ രീതികളും കണ്ട് മനസിലാക്കിയ മോളി ഫ്രാൻസിസ് ചെറുപ്പത്തിലെ വൈൻ ഉണ്ടാക്കാന്‍ തുടങ്ങി.
വീട്ടിലെ ചില വിശേഷ ദിവസങ്ങളിലെ വൈൻ നിർമാണത്തിന്‍റെ ചുതല മോളി തന്നെ തെരഞ്ഞെടുക്കും. രുചി കൂട്ടുകൾ കൃത്യമായ അളവിൽ ചേർത്തുള്ള മോളിയുടെ മുന്തിരി വൈനിന്‍റെ ഗുണവും രുചിയും നാട്ടുകാരും ബന്ധുക്കളും ഏറെ ആസ്വദിച്ചു. പിന്നീടാണ് ഇത് ചെറിയ രീതിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച് വില്‍പന നടത്താനുള്ള അലോചന മനസിൽ വരുന്നത്. കുടുംബത്തിന്‍റെ അനുമതിയോടെ വൈൻ നിർമാണം ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വൈൻ നിർമാണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസൻസും നേടിയ ശേഷമാണ് വില്‍പനയ്ക്കായി വൈൻ നിർമാണം ആരംഭിച്ചത്.
രണ്ട് ദശാബ്ദകാലമായി തുടരുന്ന വൈൻ നിർമാണം വർദ്ധക്യത്തിലും തുടരുന്നു. അതും വൈനിന്‍റെ ഗുണവും രുചിയും പഴയതിനെക്കാൾ പതിൻമടങ്ങ് വർധനയോടെ. വൈന്‍ നിര്‍മാണത്തിന് മോളി മറ്റാരെയും കൂട്ടാറില്ല. കുപ്പികളിൽ നിറയ്ക്കാനും സ്റ്റിക്കർ പതിക്കാനും മക്കളും ചെറുമക്കളേയും മോളി കൂട്ടാറുണ്ട്. സീസണിൽ 500 കുപ്പി വൈൻ വരെ മോളി നിർമിച്ച് നൽകാറുണ്ട്. മുമ്പ് സൂപ്പർ മാർക്കറ്റിലും മറ്റും വില്‍പനക്കായി നൽകാറുണ്ടെങ്കിലും ഇപ്പോൾ കൂടുതലായും വീടുകളിലാണ് വില്‍പന.
വൈൻ തേടി ധാരാളം പേർ മോളിയുടെ വീട്ടിലെത്തുന്നുണ്ട്. 200 രൂപയാണ് ഒരു കുപ്പി വൈനിന്‍റെ വിലയെങ്കിലും 150 രൂപക്കാണ് ആവശ്യക്കാർക്ക് നൽകുന്നത്. ക്രിസ്മസ് കൂടാതെ ക്രിസ്ത്യൻ വിവാഹങ്ങളിലും വൈൻ വിളമ്പുന്നതിന് ധാരാളം പേർ മോളിയെ സമീപിക്കാറുണ്ട്. ഏറ്റവും ശുദ്ധിയും വൃത്തിയുമായി ചെയ്യേണ്ട ഒന്നാണ് വൈൻ നിർമാണമെന്നാണ് മോളി പറയുന്നത്. മുന്തിരി വൈൻ നിർമാണം കേവലം ഒരുബിസിനസ് മാത്രമല്ലെന്നാണ് മോളിയുടെ പക്ഷം.