കാസർകോട്: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിവൈഎഫ്ഐ യൂത്ത് സ്ട്രീറ്റിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന ജാഥയുടെ വടക്കന്‍മേഖല പര്യടനം ഉദ്ഘാടനത്തിനിടെയാണ് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിനെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. കുറച്ച് ദൃശ്യമാധ്യമങ്ങളെയാണ് ഇതിന് കൂട്ടുപിടിച്ചിരിക്കുന്നത്. സിപിഎം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് ഈ മാധ്യമ ശൃംഖല ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തലയില്ലാത്ത പ്രതിമ പോലെയായി കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അരാജകത്വമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അതാണ് കര്‍ണാടകയിലും ഗോവയിലുമെല്ലാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പൂട്ടിക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല. പ്രതിപക്ഷത്തിന്റെ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. വിദ്യാര്‍ഥികളില്ലാത്ത വിദ്യാര്‍ഥി സംഘടനയായി കെ എസ് യു മാറിയതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ കള്ളക്കഥയാണ് പ്രചരിപ്പിച്ചത്. ആന്തൂരിനെ സിംഗൂരാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. മൊറാഴയുടെ നാടായ ആന്തൂര്‍, ആന്തൂരായി തന്നെ നിലനില്‍ക്കുമെന്ന് ഓര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.