ചരിഞ്ഞു നിൽക്കുന്ന തെങ്ങുകൾ, മലനിരകൾക്കിടയിൽ നിന്നുദിച്ചുയരുന്ന സൂര്യ കിരണം, ജലാശയവും നെൽക്കതിരും... മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഈ മുദ്രയ്ക്ക് അമ്പതാണ്ട് തികയുകയാണ് . ബീഡി തെറുപ്പിനിടയിൽ വായനയും സാഹിത്യ ചർച്ചയും നിറഞ്ഞുനിന്ന കാലത്തിൽ നിന്നും ആധുനികവൽക്കരണ ലോകത്തേയ്ക്ക് ചുവടു വച്ചുകഴിഞ്ഞു കേരള ദിനേശ്. 1968 ൽ തുടങ്ങിയ കേരള ദിനേശ് ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് അത്താണിയായത്.
കേരള ദിനേശ് ബീഡി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ ആരംഭിച്ച സ്ഥാപനം അതിവേഗം വളർന്നു. ഇന്ന് 50 വർഷം പൂർത്തിയാക്കുമ്പോൾ ദിനേശ് ബീഡിക്കപ്പുറം ദിനേശ് ഫുഡ്, ദിനേശ് അപ്പാരൽസ്, ദിനേശ് ഐടി സിസ്റ്റം, ദിനേശ് കുടകൾ എന്നീ സംരംഭങ്ങളുമായി വിജയത്തിന്റെ പാതയിലാണ് കേരള ദിനേശ് എന്ന സ്ഥാപനം.
നാളികേര സംസ്കരണവും കേരള ദിനേശില്‍ ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തേങ്ങാപ്പാൽ കയറ്റിയയക്കുന്ന പ്രമുഖ സ്ഥാപനമാണ് ഇന്ന് ദിനേശ്. ഇതിനിടയിൽ നിരവധി അംഗീകാരങ്ങൾ കേരള ദിനേശിനെ തേടിയെത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ദിനേശ് യൂണിറ്റുകളിൽ സംഘടിപ്പിക്കുന്നത്.
സംശുദ്ധിയും വിശ്വാസ്യതയും മുഖമുദ്രയാക്കിയ ദിനേശിന് വർഷങ്ങളായി അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ ഫയർ ബിസിനസ് പ്രാക്ടീസ് അവാർഡ് ലഭിക്കുന്നുണ്ട്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശിന് പ്രതിവർഷം 75 കോടി രൂപയുടെ വിറ്റു വരവുണ്ട്.
