കാസർകോട്: വിഷു വിപണി പ്രതീക്ഷിച്ച് വെള്ളരി കൃഷി ഇറക്കിയ കർഷകർ ആശങ്കയിൽ. വിഷുക്കണിയൊരുക്കുന്നതിനായാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. എന്നാൽ കൊവിഡ് ഭീതിയിൽ ആഘോഷങ്ങൾ ഇല്ലാതായതോടെ വിളവെടുപ്പ് നടത്തിയാലും വിപണിയിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ.
രവാണീശ്വരത്തെ തണ്ണോട്ട് വയലിൽ വെള്ളരികൾ വിളഞ്ഞു നിൽക്കുന്നു. വിശാലമായ വയലിൽ മറ്റു പച്ചക്കറികൾക്കൊപ്പമാണ് വിഷു പ്രതീക്ഷയിൽ വെള്ളരിക്കൃഷിയുമിറക്കിയത്. മികച്ച വില ലഭിക്കുമെന്നതാണ് ഈ സമയം വെള്ളരി കൃഷി നടത്താൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മികച്ച പരിപാലനം ഉള്ളതിനാൽ എല്ലാ വർഷവും നല്ല വിളവും ലഭിക്കും. ഒറ്റത്തവണ വിളവെടുപ്പ് ആയതിനാൽ വിലയും ലഭിക്കും.
രവാണീശ്വരത്തെ പ്രമുഖ ജൈവ കർഷകനായ ചാണക്കാട് നാരായണൻ അരയേക്കർ സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ഇറക്കിയത്. വിഷുവായിരുന്നു പ്രതീക്ഷ. പക്ഷെ ഈ അവസ്ഥയിൽ വിളവെടുത്താലും നഷ്‌ടം സഹിച്ച് മൊത്ത കച്ചവടക്കാർ പറയുന്ന വിലക്ക് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കേണ്ട ഗതികേടിലാണ് കർഷകർ. വിളകൾ നേരിട്ട് സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിലാണ് ഇനി പ്രതീക്ഷ.