കാസര്‍കോട്: പെന്‍ഷന്‍ മുടങ്ങിയതോടെ പുതുവര്‍ഷ ദിനത്തില്‍ കലക്‌ട്രേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം. ദുരിതബാധിതര്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ജൂനിയര്‍ സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചു. സാമൂഹ്യനീതി വകുപ്പാണ് പണം അനുവദിക്കേണ്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ നാല് മാസമായി പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കലക്ട്രേറ്റ് കവാടത്തില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
സാന്ത്വനം പദ്ധതി പ്രകാരമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിന് ശേഷം പെന്‍ഷന്‍ തുക മുടങ്ങിയതോടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. പെന്‍ഷന് പുറമെ സുപ്രീം കോടതി നിശ്ചയിച്ച സാമ്പത്തിക സഹായം മുഴുവനാളുകള്‍ക്കും ലഭ്യമായിട്ടില്ലെന്നും ദുരിതബാധിതര്‍ പറയുന്നു.