കാസർകോട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊവിഡ് പരിശോധന നടത്തിയ ലാബിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് തളങ്കര പള്ളിക്കാലിലായിരുന്നു ലാബ് പ്രവര്‍ത്തനം. ജില്ലയിലെ സ്വകാര്യ മേഖല ആശുപത്രികളടക്കം 18 ഇടങ്ങളില്‍ മാത്രമേ കൊവിഡ് പരിശോധനയ്ക്ക് അനുമതിയുള്ളു. കൊവിഡ് പരിശോധനക്കായി സ്രവമെടുത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെയും പൊലീസിന്‍റെയും പരിശോധന.
സ്രവപരിശോധനയുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിനുള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കണമെങ്കിലും ലാബ് ടെക്‌നീഷ്യന്‍സ് ഹോസ്റ്റല്‍ എന്ന പേരിലുള്ള സ്ഥാപനത്തിൽ ഈ സൗകര്യങ്ങളൊന്നുമില്ല. പിപിഇ കിറ്റ് ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഊരിവെച്ച് അടുത്തയാള്‍ വരുമ്പോള്‍ അതു തന്നെ ധരിക്കുകയാണെന്നും കണ്ടെത്തി. അലക്ഷ്യമായാണ് സ്രവം സൂക്ഷിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ കൃത്യമായി സൂക്ഷിച്ചു മാത്രമേ പി.സി.ആര്‍ പരിശോധനക്കയക്കാവൂ. എന്നാല്‍ ഇവിടെ ഒരു പെട്ടിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു സാമ്പിളുകള്‍. ഇങ്ങനെ പരിശോധനക്കയച്ചാല്‍ നെഗറ്റീവ് റിസള്‍ട്ട് മാത്രമേ ലഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ലാബ് ടെക്‌നീഷ്യന്‍ അടക്കം എത്തി പരിശോധന നടത്തിയതില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഫോറന്‍സിക് വിദഗ്ധരും ലാബില്‍ പരിശോധന നടത്തി. കോഴിക്കോട്ടെ ലാബിലേക്കാണ് ഇവര്‍ സ്രവം പരിശോധനക്കയക്കുന്നത്. ഇതിന്റെ ലെറ്റര്‍ ഹെഡുകള്‍ ഇവിടെ നിന്നും ലഭിച്ചു. വിദേശത്തേക്ക് പോകുന്ന ആളുകളാണ് ഇവിടെ പരിശോധനക്കെത്തുന്നവരിലേറെയും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും ഊര്‍ജിതമാക്കി.