തൃശൂർ: ജില്ലയിൽ ആശങ്ക ഉയർത്തി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 42 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ 6 പേർ . രണ്ട് വയസുള്ള പെൺകുട്ടിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 237 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ 9 പേര്‍ രോഗമുക്തരായി. നഗരസഭ ജീവനക്കാർക്ക് ഉൾപ്പെടെ പ്രദേശത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചു.ഇതോടെ കുന്നംകുളം നഗരസഭ അടച്ചു. കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കൊവിഡ് സ്ഥിരീകരണ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് എല്ലാ ജീവനക്കാരോടും വീട്ടിലേക്കു പോകാനും ചെയർപേഴ്സൻ സീതാ രവീന്ദ്രൻ നിർദേശിച്ചു.
നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചിരുന്നു.കുന്നംകുളം നഗരസഭയിലെ 10, 11, 25, 7, 15, 17, 19, 26, 12 ഡിവിഷനുകള്‍. നടത്തറ പഞ്ചായത്ത്: 8-ാം വാര്‍ഡ്, പുത്തന്‍ചിറ പഞ്ചായത്ത് 6, 7 വാര്‍ഡുകള്‍, അന്നമനട പഞ്ചായത്ത് 7, 8, 17 വാര്‍ഡുകള്‍, അരിമ്പൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ്, അതിരപ്പിള്ളി പഞ്ചായത്ത് 4-ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭ 27-ാം ഡിവിഷന്‍, മുരിയാട് പഞ്ചായത്ത്: 9, 13,14 വാര്‍ഡുകള്‍ എന്നിവയാണ് ജില്ലയിലെ നിലവിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി ഉണ്ടായിരുന്നത്. ഇതോടൊപ്പം കുന്നംകുളം നഗരസഭയിലെ 12-ാം ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മുരിയാട് പഞ്ചായത്തിലെ 9, 13,14 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചു.