കണ്ണൂര്‍: തളിപ്പറമ്പ് മേഖലയിലെ അനർഹ റേഷൻ കാർഡുകൾ കണ്ടെത്താൻ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റെയ്‌ഡ്. പരാതിയുടെ അടിസ്ഥാനത്തിൽ പതിനഞ്ചോളം വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായ അഞ്ച് ബിപിഎൽ കാർഡുകളും രണ്ട് അന്ത്യോദയ കാർഡുകളും പിടിച്ചെടുത്തു. പൂക്കോത്ത് തെരു, മാവിച്ചേരി, എളമ്പേരം പാറ, കുറ്റ്യേരി എന്നിവിടങ്ങളിലാണ് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ ടി.ആർ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് റെയ്‌ഡ് നടത്തിയത്. വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കാർഡുകൾ കൈപ്പറ്റിയ ഇവരിൽ നിന്നും അരലക്ഷത്തോളം രൂപ പിഴയും ദുരുപയോഗം ചെയ്‌ത ധാന്യത്തിന്‍റെ വിപണി വിലയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവിൽ തളിപ്പറമ്പ് സപ്ലൈ ഓഫീസ് പരിധിയിൽ റേഷൻ കാർഡ് ദുരുപയോഗം ചെയ്‌തവരിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ ഈടാക്കിയിട്ടുണ്ട്. തളിപ്പറമ്പ് താലൂക്കിലെ അനർഹ കാർഡുകൾ കണ്ടെത്തി റദ്ദ് ചെയ്യുന്നതിനും അർഹരായവർക്ക് മുൻഗണനാ കാർഡുകൾ സമയബന്ധിതമായി നൽകുന്നതിനും ദൗത്യ സംഘം രൂപീകരിച്ചിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർക്ക് പുറമെ റേഷനിങ് ഇൻസ്പെക്ടർമാരായ ജെയ്‌സ് ജോസ്, കെ.പി. അബ്‌ദുസലാം, പി.വി. കനകൻ എന്നിവരാണ് ഭൗത്യസംഘത്തിലുള്ളത്. തുര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.