കണ്ണൂർ: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പരിയാരം പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാര്‍ സ്‌കൂള്‍ മുറ്റത്ത് കഞ്ഞിവച്ച് പ്രതിഷേധിച്ചു. 23 മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതും പ്രാവര്‍ത്തികമാകാത്തതില്‍ പ്രതിഷേധിച്ചാണ് കഞ്ഞിവക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.
കണ്ണൂര്‍ ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജിൻ്റെ ഭാഗമായുള്ള പരിയാരം പബ്ലിക് സ്‌കൂള്‍ 2019 മാർച്ചിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത്. അധ്യാപകരുൾപ്പെടെ 22 ജീവനക്കാരാണ് സ്‌കൂളിലുള്ളത്. കഴിഞ്ഞ 23 മാസമായി ശമ്പളമില്ലാതെ ജോലി ചെയ്‌തുവരുന്ന ഇവര്‍ക്ക് ദിവസ വേതനം നല്‍കാന്‍ ധനകാര്യ വകുപ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ഉത്തരവിറക്കിയിരുന്നുവെങ്കിലും ഉത്തരവ് നടപ്പായിട്ടില്ല. 800 ഓളം വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകിയിട്ടില്ല. കുട്ടികൾക്ക് കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഉച്ചക്കഞ്ഞി പോലും അനുവദിച്ചിട്ടില്ലെന്നും അധ്യാപകർ പറയുന്നു.
പരിയാരം മെഡിക്കല്‍ കോളജിനോടൊപ്പമാണ് അനുബന്ധ സ്ഥാപനമായ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ മെഡിക്കല്‍ കോളജിലെയും മറ്റ് സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ സ്‌കൂള്‍ ജീവനക്കാരുടെ കാര്യത്തില്‍ മാത്രം തീരുമാനമായില്ല. അതേസമയം സ്‌കൂള്‍ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഓഫിസര്‍ ഇതേവരെ റിപ്പോര്‍ട്ട് നല്‍കാത്തതും ജീവനക്കാരുടെ നിയമനത്തില്‍ അന്തിമ തീരുമാനം ആകാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഇ കാഞ്ചന നേരത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.