കണ്ണൂര്‍: കൊവിഡ് ചികിത്സയിലായിരുന്ന ബിഡിഎസ് വിദ്യാര്‍ഥി മിത മോഹന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍. ദന്തല്‍, എംബിബിഎസ്, പാരാമെഡിക്കല്‍-നേഴ്‌സിങ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി പഠിപ്പ് മുടക്കി സമരം ചെയ്യുന്നത്. കഴിഞ്ഞ ഇരുപതിനാണ് അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ മിത മോഹന്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മിതയ്‌ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടുതല്‍ വായനയ്‌ക്ക്; ബിഡിഎസ് വിദ്യാര്‍ഥിയുടെ മരണം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍
കുത്തിവെപ്പെടുത്ത ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മിതയെ പരിയായം മെഡിക്കല്‍ കോളജിന്‍റെ കാഷ്വാലിറ്റിയില്‍ എത്തിച്ചിട്ടും ജീവനക്കാര്‍ വേണ്ടത്ര പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇതിനിടെ മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് വസ്തുത വിരുദ്ധമാണ്. അത് തിരുത്തണമെന്നും കാഷ്വാലിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ വിനായക് ആവശ്യപ്പെട്ടു. ചര്‍ച്ച നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സമരം തുടരാനാണ് തീരുമാനമെന്നും വിദ്യാര്‍ഥി സംഘടന അറയിച്ചു. വിദ്യാര്‍ഥിക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്നാണ് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയത്.