കണ്ണൂർ: കൊവിഡ‌് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിലെ പൊലീസുകാർക്ക‌് മാങ്ങാട്ടുപറമ്പ‌് കെഎപി നാലാം ബറ്റാലിയനിൽ പ്രാഥമിക ചികിത്സ കേന്ദ്രം (സിഎഫ്എൽടിസി) തുറന്നു. കണ്ണൂർ സിറ്റി, റൂറൽ, കെഎപി നാലാം ബറ്റാലിയൻ എന്നിവയിലെ പൊലീസുകാർക്കാണ് സൗകര്യം ഒരുക്കിയത്. ജില്ലാ റൂറൽ പൊലീസ‌് മേധാവി നവനീത് ശർമ സിഎഫ്എൽടിസി ഉദ‌്ഘാടനം ചെയ്തു. പൊലീസുകാരിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് സിഎഫ്എൽടിസി പ്രവർത്തനം ആരംഭിച്ചത്.
Also Read:കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചംവീട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നു
20 കിടക്കകളാണ് മാങ്ങാട്ടുപറമ്പിലെ സിഎഫ്എൽടിസിയിൽ ഒരുക്കിട്ടുള്ളത്. ഓക്സിജൻ കിടക്കകളും, 24×7 ഓക്സിജൻ സിലിണ്ടറോട് കൂടിയ ആംബുലൻസ് സൗകര്യവും, ഡോക്ടർ/നേഴ്‌സ്‌മാരുടെ വൈദ്യസഹായവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിൽ ആർടിപിസിആർ ടെസ്റ്റ് പോസറ്റീവ് ആയ ലക്ഷണങ്ങൾ ഉള്ള പൊലീസുകാർക്കാണ് അടിയന്തര കിടത്തി ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ചികിത്സ സൗകര്യങ്ങൾ ആവശ്യത്തിനനുസരിച്ച് വർധിപ്പിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ അറിയിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ഡിവൈഎസ്‌പിമാരായ പി ബാലകൃഷ്ണൻ നായർ, കെഇ പ്രേമചന്ദ്രൻ, നാലാം ബറ്റാലിയൻ കമാൻഡൻ്റ് സുധീർകുമാർ, പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.